Thursday 7 January 2016


എയര്‍പോര്‍ട്ടില്‍ മറന്നു പോയതോ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെയാണ് തിരിച്ചു ലഭിക്കുക? ആരോടാണ് പരാതിപ്പെടുക ?


ഇതിനു കൃത്യമായ ഉത്തരമുണ്ട്. അതിനായി എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍ ഓരോ ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്ന യാത്രക്കാരുടെ ലഗേജുകളുടെയും മറ്റു വസ്തുക്കളുടെയും വിശദ വിവരങ്ങള്‍ സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.


നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിനായി സി.ഐ.എസ്.എഫ് വെബ്സൈറ്റിലെ “Lost-and-Found” എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. http://www.cisf.gov.in/ എന്ന അഡ്രസ്സില്‍ സി.ഐ.എസ്.എഫ് വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. അതിനു ശേഷം ഇടത്തേ അറ്റത്ത്‌ രണ്ടാമതായി കാണുന്ന ‘Lost & Found at Airports and Delhi Metro’ എന്ന മെനു ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Lost and Found Items’ എന്ന പേജിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport, DMRC’ എന്ന രണ്ടു ബട്ടണുകള്‍ കാണാം. അതില്‍ ‘Airport’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Airport – Lost and Found Items’ എന്ന ഓപ്ഷനിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ രാജ്യത്ത് സി.ഐ.എസ്.എഫ് ന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ് വരും.

അതില്‍ നിന്നും നിങ്ങളുടെ ലഗേജോ, മറ്റു വിലപിടിപ്പുള്ളവയോ നഷ്ടപ്പെട്ട എയര്‍പോര്‍ട്ടിന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുക. അതിനു താഴയായി നിങ്ങള്‍ യാത്ര ചെയ്ത തിയ്യതിയിലും ക്ലിക്ക് ചെയ്യുക. പിന്നീട് അതിനു താഴെയായി കാണുന്ന ‘GO’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ അന്നേ ദിവസം പ്രസ്തുത എയര്‍പോര്‍ട്ടില്‍ നിന്നും കിട്ടിയ വസ്തുക്കളുടെ വിവരങ്ങള്‍ തരം തിരിച്ചു നല്കിയിട്ടുണ്ടാകും.


നിങ്ങളുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ അവയില്‍ ഉണ്ടെങ്കില്‍ ഉടനെ എയര്‍പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ ഉദ്യോഗ പേരും ബന്ധപ്പെടാനുള്ള നമ്പറും ഇ-മെയില്‍ വിലാസവും അതിനു താഴെയായി നല്കിയിട്ടുണ്ടാകും. പ്രസ്തുത ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാല്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുന്നതാണ്.