Thursday, 30 July 2015



മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ വിന്‍ഡോസ് 10 വിപണിയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വിന്‍ഡോസ് 10 ഏറെ കാത്തിരിപ്പിനൊടുവിലാണ് യൂസര്‍മാര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്. ലോകത്താകമാനം 13 നഗരങ്ങളിലാണ് വിന്‍ഡോസ് 10 പുറത്തിറക്കുന്ന ചടങ്ങ് മൈക്രോസോഫ്റ്റ് സംഘടിപ്പിച്ചത്.

വിന്‍ഡോസിന്റെ ശരിയായ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിന്‍ഡോസ് 10ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാം. 190 രാജ്യങ്ങളിലാണ് വിന്‍ഡോസ് 10 ലഭ്യമാക്കിയിരിക്കുന്നത്. വ്യാജ വിന്‍ഡോസില്‍ നിന്നാണ് വിന്‍ഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതെങ്കില്‍ അത് വിന്‍ഡോസ് കണ്ടുപിടിക്കും. ഇതോടെ സിസ്റ്റത്തില്‍ നിന്നും ഒഎസ് മാറ്റി പുതിയത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.

കമ്പ്യൂട്ടറിനും ടാബ്‌ലെറ്റിനുമുള്ള ഓപ്പറേറ്റിങ് സിസ്റ്റമായാണ് ആദ്യമെത്തുന്നതെങ്കിലും ഫോണിലും ഗെയിം കണ്‍സോളിലുമൊക്കെ ഉപയോഗിക്കാവുന്നവിധമാണ് വിന്‍ഡോസ് 10 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2012ല്‍ അവതരിപ്പിച്ച വിന്‍ഡോസ് 8ന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.

വിന്‍ഡോസ് 8ലെ ടൈല്‍ അധിഷ്ഠിത സ്റ്റാര്‍ട്ട് സ്‌ക്രീന്‍ നീക്കം ചെയ്തു ഡെസ്‌ക്‌ടോപ് തിരികെകൊണ്ടുവരുന്നുവെന്നതാണ് വിന്‍ഡോസ് 10ന്റെ പ്രത്യേകത. പഴയമട്ടിലുള്ള സ്റ്റാര്‍ട്ട് ബട്ടണോടൊപ്പം പ്രധാന സ്റ്റാര്‍ട്ട് മെനുവില്‍ ലൈവ് ടൈലുകള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്. ബ്രാന്‍ഡ് ന്യൂ യൂസര്‍ ഇന്റര്‍ഫേസും പുതിയ സ്റ്റാര്‍ട്ട് മെനുവും ടച്ച് സൗകര്യമുള്ള ഡിവൈസുകളില്‍ ടാബ്‌ലറ്റ്, പിസി തുടങ്ങി ഏതു മോഡുകള്‍ വേണമെങ്കിലും സ്വീകരിക്കാനുള്ള ഓപ്ഷന്‍ തുടങ്ങി പ്രധാനപ്പെട്ട പല ഫീച്ചറുകളും വിന്‍ഡോസ് 10ന് ഒപ്പമുണ്ട്.



1. വിന്‍ഡോസിന്റെ യഥാര്‍ത്ഥ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക്(വിന്‍ഡോസ് 8.1, വിന്‍ഡോസ് 7SP1) ഗെറ്റ് വിന്‍ഡോസ് 10 ആപ്പ് വഴി സൗജന്യ അപ്‌ഗ്രേഡ് റിസര്‍വ് ചെയ്യാം. ഇതിനായി ടാസ്‌ക് ബാറില്‍ വലത്തേ അറ്റത്തുള്ള ചെറിയ വിന്‍ഡോ ഐക്കണില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് ആപ്പ് വിന്‍ഡോയിലെ റിസര്‍വ് യുവര്‍ ഫ്രീ അപ്‌ഗ്രേഡില്‍ ക്ലിക്ക് ചെയ്യണം. റിസര്‍വേഷന്‍ ചെയ്തതിന്റെ കണ്‍ഫര്‍മേഷന്‍ ലഭിക്കാന്‍ ഇമെയില്‍ ഐഡി നല്‍കുക. അപ്‌ഡേറ്റ് ലഭ്യമായാല്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. റിസര്‍വേഷന്‍ റദ്ദ് ചെയ്യണമെങ്കില്‍ അതിനും ഓപ്ഷനുണ്ട്.

2. അപ്‌ഡേഷന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും വിന്‍ഡോസ് 10 നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും. ഒരുവര്‍ഷക്കാലമാണ് സൗജന്യ ഓഫര്‍ എന്നത് മറക്കരുത്. (2015, ജൂലൈ 29 മുതല്‍ 2016 ജൂലൈ 29 വരെ)

3. വ്യാജ വിന്‍ഡോസ് പതിപ്പാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ വിന്‍ഡോസ് 10ന്റെ ഒറിജിനല്‍ പതിപ്പ് ലഭിക്കാന്‍ 199 യുഎസ് ഡോളര്‍ നല്‍കേണ്ടി വരും. വിന്‍ഡോസ് 10 എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് നേരത്തെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നത്. എന്നാല്‍ വ്യാജന്‍മാരെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്റ്റ് പിന്നീട് തീരുമാനം മാറ്റി.

4. വിന്‍ഡോസ് 10ന്റെ മറ്റു വ്യത്യസ്ത പതിപ്പുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുടക്കേണ്ട പണത്തില്‍ വ്യത്യാസമുണ്ടാകും. വിന്‍ഡോസ് 10 ഹോം എഡിഷന് 119.99 ഡോളറും, വിന്‍ഡോസ് 10 പ്രൊക്ക് 199.99 വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5. വിന്‍ഡോസ് 10 ഫീച്ചറുകള്‍ തെരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളിലും ഡിവൈസുകളിലും മാത്രമേ ലഭ്യമാകൂ. ഉദാഹരണത്തിന് കൊര്‍ട്ടാന ഫീച്ചര്‍ യുഎസ്,യുകെ,ചൈന, ഫ്രാന്‍സ്, ഇറ്റലി,ജര്‍മ്മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണിന് (8.1)വേണ്ടി പുറത്തിറക്കിയ ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റാണ് കൊര്‍ട്ടാന. ഫോണ്‍ ഓണ്‍ ആണെങ്കില്‍ എന്ത് നിര്‍ദേശങ്ങള്‍ ശബ്ദത്തിലൂടെ നല്‍കിയാലും കൊര്‍ട്ടാന അതു അനുസരിക്കും.